ഒക്ടോബർ 01
വി. കൊച്ചുത്രേസ്യ പുണ്യവതിയുടെ തിരുന്നാൾ
ചെറുപുഷ്പം എന്ന് പേരിൽ അറിയപ്പെടുന്ന ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യ 1873 ജനുവരി രണ്ടിന് ഫ്രാൻസിലെ അലൻസോണിൽ ജനിച്ചു. തെരേസക്ക് നാല് വയസുള്ളപ്പോൾ അമ്മ മരിച്ചുപോയി. ഒരു മാതൃകാ ക്രിസ്തീയ കുടുംബത്തിലാണ് അവൾ വളർന്നത്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ കന്യാമഠജീവിതം അവളെ ആകർഷിച്ചിരുന്നു. പതിനഞ്ചാമത്തെ വയസിൽ കർമലീത്ത മഠത്തിൽ ചേരുവാൻ അനുവാദം ലഭിച്ചു. സാധാരണ ദൈനംദിന ജോലി- കൾ പരിപൂർണ വിശ്വാസത്തോടെ ചെയ്തും ദൈവത്തിന്റെ പരിപോഷണത്തിലും കാരുണ്യസ്നേഹത്തിലും നിഷ്കളങ്കമായ കുഞ്ഞിന്റേതുപോലുള്ള മനോഭാവത്തിലും സദാസമയവും മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധതയിലും അവൾ വിശുദ്ധിയുടെ ഉന്നതശ്രേണിയിലെത്തി. സഭയോട് ഏറെ സ്നേഹവും ജനങ്ങളെ സഭയിലേക്ക് ചേർക്കുവാൻ അതിയായ ആവേശവും അവർ പുലർത്തിയിരുന്നു. ഇരുപത്തിനാലാം വയസിൽ 1897 സെപ്റ്റംബർ 30-ന് ക്ഷയരോഗംമൂലം അവൾ നിര്യാതയായി. 1925മെയ് 17 ന് പീയൂസ് പതിനൊന്നാം പാപ്പ കൊച്ചു ത്രേസ്യയെ വിശുദ്ധയായി ഉയർത്തി.1997 ഒക്ടോബർ 19 ന് പോപ്പ് ജോൺപോൾ രണ്ടാമൻ വിശുദ്ധയെ വേദപാരംഗതരുടെ ഗണത്തിൽ ഉൾപ്പെടുത്തി.