Seven Joys and Sorrows
of St. joseph

INTRODUCTION

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ.

 

പ്രാരംഭ പ്രാർത്ഥന

(അധ്വാനിക്കുന്നവർക്കും)

ക്ലേശം സഹിക്കുന്നോർക്കും
വീടു പുലർത്തുന്നോർക്കും
മാതൃകയായുള്ളോനേ
യേശുവിൻ സ്നേഹതാതാ

ആശാരി ജോലി ചെയ്ത്
ഈശോയെ പോറ്റിയോനേ
ആശയോടണയുന്ന
ആശ്രിതരെ കാക്കേണമേ

ഏറ്റവും പരിശുദ്ധമായ തിരുക്കുടുംബത്തിന്റെ നാഥനായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വി. യൗസേപ്പിതാവേ, അങ്ങയെ ഞങ്ങളുടെ പിതാവും മദ്ധ്യസ്ഥനും മാർഗദർശിയുമായി ഞങ്ങൾ അംഗീകരിക്കുന്നു, വണങ്ങുന്നു. ഞങ്ങളെ അങ്ങയുടെ മക്കളായി സ്വീകരിക്കേണമേ. ആപത്തുകളിലും അനർത്ഥങ്ങളിലും ആശ്രയവും സഹായവും ഉറപ്പുമുള്ള മദ്ധ്യസ്ഥനുമായി അങ്ങ് വർത്തിക്കുന്നുവല്ലോ. അങ്ങയുടെ ജീവിത പാതയിൽ ഒളിഞ്ഞു കിടക്കുന്ന തിളക്കമാർന്ന ജീവിത വിജയരഹസ്യങ്ങൾ ഉൾക്കൊണ്ട് അങ്ങയുടെ പാത പിഞ്ചെല്ലാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഏറ്റവും ഭക്തിയോടെ അങ്ങയുടെ ജീവിതത്തെ ധ്യാനിക്കുവാനും അവിടുത്തെ ജീവിതമാതൃക സ്വന്തമാക്കുവാനും ഞങ്ങളെ സഹായിക്കണമേ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, ഈശോയുടെ വളർത്തുപിതാവായ വി. യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

ഒന്നാം സ്ഥലം

ജീവിത പാതകളിൽ
സംശയ നീർക്കയത്തിൽ
മുങ്ങീടാതെ കാക്കണേ
സ്നേഹവാത്സല്യതാത

ക്ലേശം സഹിക്കുന്നോർക്കും
വീടു പുലർത്തുന്നോർക്കും 

മാതൃകയായുള്ളാനേ
യേശുവിൻ സ്നേഹതാത

“യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു. അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനുമുമ്പ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു. അവളുടെ ഭർത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടാകയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു.”

“ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ. അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽ നിന്നാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. എന്തെന്നാൽ, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിക്കും”

ഓ മഹോന്നതനായ വിശുദ്ധ യൗസേപിതാവേ, ജീവിത പങ്കാളിയായ മറിയത്തെ രഹസ്യ മായി ഉപേക്ഷിക്കാൻ ചിന്തിച്ചപ്പോൾ അങ്ങ് അനുഭവിച്ച ആന്തരിക സംഘർഷം എത്രയോ വലുതായിരുന്നു. എങ്കിലും ദൈവപുത്രന്റെ മനുഷ്യാവതാര രഹസ്യം മാലാഖ അറിയിച്ചപ്പോൾ നീ അനുഭിച്ച സന്തോഷം വാക്കുകൾക്ക് അതീതമാണല്ലോ.
വി. യൗസേപ്പിതാവേ, ഞങ്ങളും ജീവിതയാത്രയിൽ സംശയകയത്തിൽ മുങ്ങിത്തുടിക്കാറുണ്ട്. ജീവിതപങ്കാളിയെക്കുറിച്ചും മക്കളെക്കുറിച്ചും സഹോദരീ സഹോദരങ്ങളെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചും ഞങ്ങളുടെ മനസ്സിൽ കടന്നു കൂടുന്ന സംശയങ്ങളും ഭിന്നതകളും വെറുപ്പും വൈരാഗ്യവുമെല്ലാം ദുരീകരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും യോഗ്യതയാൽ ദൈവേഷ്ടം ശ്രവിച്ച് അങ്ങയുടെ മാതൃക സ്വന്തമാക്കി ജീവിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമേ.

സ്വർഗ്ഗ..നന്മ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ,
ഈശോയുടെ വളർത്തുപിതാവായ വി. യൗസേപ്പിതാവെ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

രണ്ടാം സ്ഥലം

കാലിത്തൊഴുത്തൊന്നതിൽ
 ദൈവേഷ്ടം പുൽകിയോനെ
 കുരിശുകൾ പേറിടുവാൻ
 ദാസരെ പ്രാപ്തരാക്കൂ

 ക്ലേശം സഹിക്കുന്നോർക്കും
 വീടു പുലർത്തുന്നോർക്കും
 മാതൃകയായുള്ളോനേ
 യേശുവിൻ സ്നേഹതാത

“അവിടെയായിരിക്കുമ്പോൾ അവൾക്കു പ്രസവ സമയമടുത്തു. അവൾ തന്റെ
കടിഞ്ഞൂൽ പുത്രനെപ്രസവിച്ചു.അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി. കാരണം സത്രത്തിൽ അവർക്ക് സ്ഥലം ലഭിച്ചില്ല”.

“ദൂതൻ അവരോടു  പറഞ്ഞു: ഭയപ്പെടേണ്ട.ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത.ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു”.

അവതരിച്ച വചനത്തിന്റെ പിതാവാകാൻ ‘ഭാഗ്യം സിദ്ധിച്ച യൗസേപ്പിതാവേ, ദാരിദ്ര്യത്തിലുള്ള ദൈവപുത്രന്റെ പിറവികണ്ട് ദുഃഖിതനായ
അങ്ങ് സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയിൽ സ്വർഗീയഗണങ്ങളോടൊപ്പം സന്തോഷിച്ചുവല്ലോ. ഉണ്ണീശോയുടെ ജനനത്തിനായി വേദനയനുഭവിച്ച വി. യൗസേപ്പിതാവേ, ലോകരക്ഷകന് ജന്മം നൽകാൻ അങ്ങ് അനുഭവിച്ച അവഗണനയും അപമാനവും സഹിക്കുമ്പോൾ ഞങ്ങളുടെ ഉള്ളിൽ രക്ഷകൻ രൂപപ്പെടുന്നു എന്ന സത്യം മനസിലാക്കാൻ ഞങ്ങളെ സഹായിക്കേണമേ. സ്വന്തക്കാരാലും ബഹുജനങ്ങളാലും മക്കളാലും അവഗണിക്കപ്പെടുമ്പോൾ അങ്ങയുടെ ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും യോഗ്യതയാൽ അങ്ങയെപോലെ സമചിത്തതയോടെ സഹിക്കാനും ദൈവപരിപാലനയിൽ അഭയം തേടാനും ഞങ്ങളെ പഠിപ്പിക്കണമേ.

സ്വർഗ്ഗ…… നന്മ….

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, ഈശോയുടെ  വളർത്തുപിതാവായ വി. യൗസേപ്പിതാവെ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

മൂന്നാം സ്ഥലം

വിനയത്തിൻ കാണിക്കായൽ
വരദായക ഹൃദയം നൽകി
വിനയാന്വീതരായ്‌ ജീവിക്കാൻ
ദാസരിൽ കനിയെന്നമെ

ക്ലേശം സഹിക്കുന്നോർക്കും
വീടു പുലർത്തുന്നോർക്കും
മാത്യകയായുള്ളോ നേ.
യേശുവിൻ സ്നേഹതാത

“ശിശുവിന്റെ പരിച്ഛേദനത്തിനുള്ള എട്ടാം ദിവസം ആയപ്പോൾ അവൻ ഗർഭത്തിൽ ഉരുവാകുന്നതിനുമുമ്പ് ദൂതൻ നിർദേശിച്ചിരുന്ന യേശു എന്ന പേര് അവൻ നൽകി.”

“അവൾ ഒരു പുത്രനെ പ്രസവിക്കും നീ അവന് യേശു എന്ന് പേരിടണം. എന്തെന്നാൽ അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് മോചിപ്പിക്കും.”

ഭാഗ്യപ്പെട്ട  യൗസേപ്പിതവേ, ദൈവിക നിയമങ്ങൾ വിശ്വസ്തതയോടെ അങ്ങ് അനുസരിച്ചു. ദൈവപുത്രനു ഈശോ എന്ന നാമം നൽകാൻ  നിനക്കു  കൈവന്ന ഭാഗ്യം അവർണനീയം ആണല്ലോ. ദൈവം തന്ന മകനെ ദൈവത്തിനായി സമർപ്പിച്ച് വളർത്തിയ അങ്ങയുടെ മാതൃക പിഞ്ചെന്നുകൊണ്ട് ദൈവം ഞങ്ങൾക്ക് നൽകുന്ന മക്കളെ ദൈവത്തിനെ സമർപ്പിച്ച് ദൈവമക്കളായി കാണിക്കയർപ്പിച്ചതുപോലെ ഞങ്ങളും ഞങ്ങളുടെ കഴിവിനാനുസരിച്ച് ദൈവത്തിന് നൽകേണ്ടത് കാണിക്കയായി നൽകി ദൈവ പ്രീതിയിൽ ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ.
നിന്റെ മൂന്നാം ദുഃഖത്തിന്റെ സന്തോഷത്തിന്റെ യോഗ്യയാൽ പാപസഹചര്യങ്ങൾ വെടിഞ്ഞു ജീവിക്കാനും ഈശോ എന്ന മധുരനാമം ഉച്ചരിച്ചു കൊണ്ടു മരിക്കാനുമുള്ള കൃപയ്ക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമേൻ.                        

സ്വർഗ്ഗ.നന്മ.

ഈശോമിശിഹായുടെ വാഗ് ദാനങ്ങൾക്ക്‌  ഞങ്ങൾ യോഗ്യരാകുവാൻ,
ഈശോയുടെ  വളർത്തുപിതാവായ വി.യൗസേപ്പിതവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

നാലാം സ്ഥലം

ജീവിത യാത്രയതിൽ
 സുഖ ദുഃഖ സന്തോഷങ്ങൾ
 ദൈവത്തിൻ ഹിതമെന്നറിയാൻ
 കൃപ നൽകിയനുഗ്രഹിക്ക

 ക്ലേശം സഹിക്കുന്നോർക്കും
 വീടു പുലർത്തുന്നോർക്കും
 മാതൃകയായുള്ളോനേ
 യേശുവിൻ സ്നേഹതാത

“ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു : ഇവൻ ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദ വിഷയമായ അടയാളവുമായിരിക്കും.അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുകയും ചെയ്യും”.

ശിമയോൻ ശിശുവിനെകരങ്ങളിലെടുത്ത് ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: ഇതാ, സകല ജനതകൾക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൾ കണ്ടു കഴിഞ്ഞു. അത് വിജാതീയർക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ  മഹിമയും ആണ്.

 മനുഷ്യരക്ഷയ്ക്കുവേണ്ടിയുള്ള ദൈവിക പദ്ധതിയിൽ സഹകാരിയാകാൻ ഭാഗ്യം ലഭിച്ച വി. യൗസേപ്പിതാവേ,അങ്ങയുടെ വളർത്തു പുത്രനും ജീവിത പങ്കാളിയും കടന്നു പോകേണ്ട വ്യാകുലതകളെക്കുറിച്ചു ശിമയോൻ പ്രവചിച്ചപ്പോൾ നിന്റെ ഹൃദയവും വേദനയാൽ പിടഞ്ഞുവല്ലോ. നിന്റെ പ്രിയപുത്രൻ ലോകത്തിനു സമ്മാനിക്കുന്ന രക്ഷയെപ്പറ്റി ഓർത്തപ്പോൾ നിന്റെ വേദന സന്തോഷമായി പരിണമിച്ചുവല്ലോ. ഞങ്ങളുടെ പ്രിയ പിതാവേ, അങ്ങയുടെ നാലാം ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും യോഗ്യതയാൽ ഈശോ ഞങ്ങൾക്കു നേടിത്തന്ന രക്ഷ മറ്റുള്ളവരോടു പ്രഘോക്ഷിക്കാൻ കൃപ തരണമേ. ആമ്മേൻ

സ്വർഗ്ഗ…. നന്മ…

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, ഈശോയുടെ  വളർത്തുപിതാവായ വി. യൗസേപ്പിതാവെ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

അഞ്ചാം സ്ഥലം

ആകുലവേളകളിൽ
ആപത്തിൻ വീഥികളിൽ 
രക്ഷാർത്ഥരായ് കേഴുമ്പോൾ 
തവചാരേ തുണയേകണേ

ക്ലേശം സഹിക്കുന്നോർക്കും
വീടു പുലർത്തുന്നോർക്കും 
മാതൃകയായുള്ളാനെ
യേശുവിൻ സ്നേഹതാത

“അവർ പൊയ്ക്കഴിഞ്ഞപ്പോൾ കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു ജോസ ഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാൻ പറയുന്നതുവരെ അവിടെ താമസി ക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാൻ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവൻ ഉണർന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രി തന്നെ ഈജിപ്തിലേക്കുപോയി.

“ഈജിപ്തിനെക്കുറിച്ചുണ്ടായ അരുളപ്പാട്: ഇതാ, കർത്താവ് വേഗമേറിയ ഒരു മേഘത്തിൽ ഈജിപ്തിലേക്കു വരുന്നു. അവിടുത്തെ സാന്നിധ്യ ത്തിൽ ഈജിപ്തിലെ വിഗ്രഹങ്ങൾ വിറകൊള്ളും. ഈജിപ്തുകാരുടെ ഹൃദയം ഉരുകിപ്പോകും”

അവതരിച്ച വചനത്തിന്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവേ, അത്യുന്നതനായ ദൈവപുത്രനും മറിയവുമായി ഈജിപ്തിലേക്കു നീ നടത്തിയ പാലായനത്തിൽ അനുഭവിച്ച ദുരിതങ്ങൾ നിന്റെ മനസ്സിനെ തളർത്തിയല്ലോ. അതേസമയം ഈജിപ്തിലെ പ്രവാസജീവിതlത്തിൽ ദൈവം എപ്പോഴും അരികിൽ ഉണ്ടായിരുന്നതിൽ അങ്ങ് അത്യധികം സന്തോഷിച്ചു. ഏറ്റവും ശ്രദ്ധാലുവായ പാലകാ, അവിടുത്തെ അഞ്ചാം ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും യോഗ്യത യാൽ തിന്മയിൽ നിന്നും ആത്മീയ അപകടങ്ങളിൽ നിന്നും ഓടിയകലാനും ദൈവഭയത്തോടെ ജീവിക്കാനും ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ

സ്വർഗ്ഗ… നന്മ….

ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക്ഞങ്ങൾ യോഗ്യരാകുവാൻ,
ഈശോയുടെ വളർത്തുപിതാവായ വി. യൗസേപിതാവെ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

ആറാം സ്ഥലം

ആശാരി ജോലി ചെയ്ത്
യേശുവേ പോറ്റിയോനേ
അധ്വാനവീഥികളിൽ
വിജയം പുൽകാൻ കനിയൂ..

ക്ലേശം സഹിക്കുനൂർക്കും
വീടു പുലർത്തുന്നോർക്കും
മാതൃകയായുള്ളോനേ
യേശുവിന് സ്നേഹിതാത

മകൻ ആർക്കലവോസാണ് പിതാവായ ഹേ റോദ്ദേസിൻ്റ് സ്ഥാനത്ത് യൂദയായിൽ ഭരിക്കുനതെന്നൂ കേട്ടപ്പോൾ അവിടേക്ക് പോകാൻ ജോസഫിന് ഭയമായി

സ്വപ്നത്തിൽ ലഭിച്ച മുന്നറിയിപ്പ് അനുസരിച്ച് അവൻ ഗലീലി പ്രദേശത്തേക്ക് പോയി. അവൻ നസറായൻ എന്ന് വിളിക്കപ്പെടും എന്ന് കർത്താവ് പ്രവാചകൻ വഴി അരുളിച്ചെയ്തത് പൂർത്തിയാകാൻ അവൻ നസ്രത്ത് എന്ന പട്ടണത്തിൽ ചെന്ന് താമസിച്ചു

ഭാഗ്യപെട്ട മാർ യൗസേപ്പേ സ്വർഗപ്പിതാവിൻ്റെ ആജ്ഞാനുസരണം യേശുവിനെ ഈജിപ്തിൽ നിന്ന് തിരികെ കൊണ്ടുവരുന്നതിലുള്ള ആശ്വാസം ഹേറോദേസിൻ്റെ പിൻഗാമിയെക്കുറിച്ചുള്ള ചിന്തയിൽ അസ്വസ്ഥതയായി മാറിയല്ലോ. ദൂതൻ നൽകിയ ഉറപ്പ് പ്രകാരം നസറത്തിൽ ഈശോയും മറിയവുമൊത്ത് ജീവിച്ചപ്പോൾ ആ കുടുംബജീവിതം നിനക്ക് സന്തോഷത്തിൻ്റെ നിർവൃതി സമ്മാനിച്ചു.
ഞങ്ങളുടെ ജീവിതത്തിൽ തൊഴിലിൻ്റെ മാഹാത്മ്യം ഗ്രഹിക്കാനും അദ്ധ്വാനിച്ച് കുടുംബം പുലർത്താനും ഞങ്ങളെ പഠിപ്പിക്കണമേ. തൊഴിലില്ലാതെ അലയുന്നവരെയും കടബാധ്യതകളാൽ വിഷമിക്കുന്നവരെയും കുടുംബം പുലർത്താൻ സാധിക്കാതെ ഇരിക്കുന്നവരെയും അവിടുത്തെ സ്നേഹമാധ്യസ്ഥം നൽകി അനുഗ്രഹിക്കണമെ
നല്ല പിതാവേ, നിൻ്റെ ആറാം ദുഃഖത്തിൻ്റെയും സന്തോഷത്തിൻ്റെയും യോഗ്യതയാൽ അപകടകരമായ ഭയങ്ങളിൽ നിന്ന് വിടുതലും തിരുക്കുടുംബ ജീവിതത്തിൻ്റെ സമാധാനവും സന്തോഷവും നൽകണമേ. ആമേൻ

സ്വർഗ്ഗ….നന്മ

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, ഈശോയുടെ വളർത്തുപിതാവായ വി. യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

ഏഴാം സ്ഥലം

യേശു സാന്നിധ്യം സദാ
ജീവിതം ധന്യപൂർണ്ണം
ദൈവനന്മ പ്രാപിക്കാൻ
സദ്മാർഗ്ഗം നൽകു താത

ക്ലേശം സഹിക്കുന്നോർക്കും
വീടു പുലർത്തുന്നോർക്കും
മാതൃകയായുള്ളോനേ
യേശുവിൻ സ്നേഹതാത

“തിരുനാൾ കഴിഞ്ഞ് അവർ മടങ്ങിപ്പോന്നു. എന്നാൽ ബാലനായ യേശു ജറുസലേമിൽ തങ്ങി, മാതാപിതാക്കന്മാർ അത് അറിഞ്ഞില്ല. അവൻ യാത്രാ സംഘത്തിന്റെ കൂടെ കാണും എന്ന് വിചാരിച്ച് അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അന്വേഷിച്ചിട്ട് കാണായ്കയാൽ, യേശുവിനെത്തിരക്കി അവർ ജറുസലെമിലേക്ക് തിരിച്ചുപോയി.”

“മൂന്നു ദിവസങ്ങൾക്ക് ശേഷം അവർ അവനെ ദൈവാലയത്തിൽ കണ്ടെത്തി. അവൻ ഉപാധ്യായന്മാരുടെ ഇടയിലിരുന്ന്, അവർ പറയുന്നത് കേൾക്കുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു.”

 വിശുദ്ധിയുടെ നിറവായ മാർ യൗസേപ്പേ, അവിടുത്തേതല്ലാത്ത കാരണത്താൽ ഈശോയെ കാണാതായപ്പോൾ മൂന്നു ദിവസം അങ്ങനുഭവിച്ച വേദന എത്രയോ കഠോരമായിരുന്നു. ഈശോയെ വീണ്ടും ദൈവാലയത്തിൽ കണ്ടെത്തിയപ്പോൾ ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം അങ്ങ് അനുഭവിച്ചറിഞ്ഞു. ഞങ്ങളും ഞങ്ങളുടെ അനുദിന ജീവിതത്തിൽ യേശുസാന്നിദ്ധ്യം നഷ്ടപ്പെടാൻ ഇടയാകുമ്പോൾ ഈശോയെ അന്വേഷിച്ചിറങ്ങാനും അനുതാപത്താലും കൗദാശിക ജീവിതത്താലും ഈശോയുടെ സാന്നിദ്ധ്യം വീണ്ടെടുക്കുവാനും ഞങ്ങളെ സഹായിക്കണമേ.  
നല്ല പിതാവേ, അങ്ങയുടെ ഏഴാം ദുഖത്തിന്റെയും സന്തോഷത്തിന്റെയും യോഗ്യതയാൽ ഞങ്ങളുടെ അശ്രദ്ധ നിമിത്തം ഈശോയെ നഷ്ടപ്പെടുത്താതിരിക്കുവാനും എന്നും ഈശോയോടൊത്തു ജീവിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ. ആമ്മേൻ.

സ്വർഗ്ഗ… നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, ഈശോയുടെ വളർത്തുപിതാവായ വി. യൗസേപ്പിതാവെ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

സമാപനപ്രാർത്ഥന

ലില്ലിപ്പൂ കൈയ്യിൽ ചൂടി
ഉണ്ണിയെ മാറിൽ ചേർത്ത
ഏഴകൾക്കാലംബമായി
എന്നെന്നും വാഴുന്നോനെ

ക്ലേശം സഹിക്കുന്നോർക്കും
വീടു പുലർത്തുന്നോർക്കും
മാതൃകയായുള്ളോനേ
യേശുവിൻ സ്നേഹതാത

ആശാരി ജോലി ചെയ്ത്
ഈശോയെ പോറ്റിയോനേ
ആശയോടണയുന്ന
ആശ്രിതരെ, കാക്കേണമേ

ആത്മാവിലും ശരീരത്തിലും വിശുദ്ധി പാലിക്കുന്നവർക്ക് ഈ ലോകത്തിൽ സൗഭാഗ്യവും പരലോകത്തിൽ ദൈവദർശനവും വാഗ്ദാനം ചെയ്ത കർത്താവേ, അങ്ങേ വളർത്തുപിതാവായ മാർ. യൗസേപ്പിന്റെ മാതൃകയനുസരിച്ച് വിനയത്തിലും വിശുദ്ധിയിലും വളർന്നു വരാനും ജീവിതക്ലേശങ്ങൾ സന്തോഷപൂർവ്വം സ്വീകരിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ. അവിടുത്തെ പാത പിൻചെന്ന് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ ജീവിതത്തിൽ ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും ദാനങ്ങളും നൽകണമേ. ഈ പിതാപാതയിൽ ത്യാഗപൂർവ്വം പങ്കെടുക്കുന്ന മക്കൾക്കുവേണ്ടി ഈശോയുടെ തിരുസിംഹാസനത്തിൽ മുമ്പിൽ മധ്യസ്ഥമാക്കണമേ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും വി. യൗസേപ്പിതാവിന്റെ സഹായവും നമ്മോടുകൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ.

(1 സ്വർഗ്ഗ… 1 നന്മ.. 1 ത്രീത്വസ്തുതി)