1950 നവംബര്‍ 1-ന് പിയൂസ് പന്ത്രണ്ടാമന് പാപ്പായാണ് ‘മാതാവിന്റെ സ്വര്‍ഗ്ഗാരോപണം’ കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ ഉടലോടെ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്കെടുക്കപ്പെട്ടു എന്ന വിശ്വാസത്തെ പ്രഖ്യാപിക്കുകയാണ് പാപ്പാ ഇതിലൂടെ ചെയ്തത്.പരിശുദ്ധ മറിയത്തിന്റെ ശരീരവും, ആത്മാവും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്ന വസ്തുതയായിരുന്നു പാപ്പായുടെ വിശദീകരണത്തിന്റെ കാതല്‍.പരിശുദ്ധ അമ്മയുടെ പേരിലുള്ള ഏറ്റവും പഴക്കമേറിയ തിരുനാള്‍ ദിനം സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആണ്. എന്നാല്‍ ഈ തിരുനാളാഘോഷം ഏറ്റവും ആദ്യമായി നിലവില്‍ വന്നതെങ്ങിനെ എന്ന് അറിവില്ല. ഇത് റോമന്‍ ചക്രവര്‍ത്തിയായ കോണ്സ്റ്റന്റൈന് ജെറുസലേം നഗരം വിശുദ്ധ നഗരമായി പുന:സ്ഥാപിച്ച (c. 285-337) കാലങ്ങളില്‍ ആയിരുന്നിരിക്കാമെന്ന് കരുതപ്പെടുന്നു. ഏതാണ്ട് 135-ല്‍ ചക്രവര്‍ത്തിയായിരുന്ന ഹഡ്രിയന്‍ (76-138) ഈ നഗരം ഇടിച്ചു നിരപ്പാക്കി. പിന്നീട് ജൂപ്പീറ്ററിന്റെ ആദരണാര്‍ത്ഥം പുതുക്കി പണിതത് മുതല്‍ ഏതാണ്ട് രണ്ട് നൂറ്റാണ്ടോളം ഈ നഗരം വിജാതീയരുടെ നഗരമായി നിലകൊള്ളുകയായിരുന്നു. ആ ഇരുനൂറ് വര്‍ഷക്കാലയളവില്‍ യേശുവിന്റെ എല്ലാ ഓര്‍മ്മകളും ഇവിടെ നിന്നും നശിപ്പിക്കപ്പെടുകയും, കര്‍ത്താവിന്റെ ജീവിതം മരണം, ഉത്ഥാനം തുടങ്ങിയവ കൊണ്ട് വിശുദ്ധമാക്കപ്പെട്ട സ്ഥലങ്ങളെല്ലാം വിജാതീയരുടെ ക്ഷേത്രങ്ങളായി മാറ്റപ്പെടുകയും ചെയ്തു.
336-ല്‍ ‘ഹോളി സെപ്പള്‍ച്ചര്‍’ ദേവാലയം നിര്‍മ്മിക്കപ്പെട്ടതിനു ശേഷമാണ്, ആ വിശുദ്ധ സ്ഥലങ്ങളെല്ലാം പുനരുദ്ധരിക്കപ്പെടുകയും, നമ്മുടെ കര്‍ത്താവിന്റെ ഓര്‍മ്മപുതുക്കലുകള്‍ ജെറുസലേമിലെ ജനങ്ങള്‍ കൊണ്ടാടി തുടങ്ങുകയും ചെയ്തത്. യേശുവിന്റെ മാതാവിനെ കുറിച്ചുള്ള ഒരു ഓര്‍മ്മ, പുരാതന ക്രൈസ്തവ സമൂഹം ജീവിച്ചിരുന്ന സിയോന്‍ മലയിലെ ‘മറിയത്തിന്റെ കബറിടത്തെ’ ചുറ്റിപ്പറ്റിയുള്ളതാണ്. മറിയം നിത്യവിശ്രമം പ്രാപിച്ച സ്ഥലമാണ് ആ മല. അവിടെവെച്ചാണ് മറിയം മരിച്ചത്. ആ സമയത്ത് മറിയത്തിന്റെ ഓര്‍മ്മപുതുക്കല്‍ ആഘോഷിക്കപ്പെട്ടിരുന്നു. പില്ക്കാലത്ത് അത് സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആയി മാറി.