യേശുവിന്റെ 12 ശിഷ്യന്മാരില് ഒരാളും ഭാരതത്തിന്റെ അപ്പസ്തോലനുമായ വിശുദ്ധ തോമാശ്ലീഹയുടെ ഓര്‍മ്മ തിരുനാളാണ് ദുക്റാന (സെന്റ്തോമസ് ദിനം). ഇന്ത്യയില്‍ സുവിശേഷ ദൗത്യവുമായി ആദ്യം എത്തിയ അപ്പോസ്തലനാണ് (അയയ്ക്കപ്പെട്ടവന്) തോമാശ്ലീഹ. ഇന്ത്യയില്‍ മരിച്ച തോമാശ്ലീഹയുടെ ഭൗതികാവശിഷ്ടങ്ങള്‍ മൊസപൊട്ടാമിയയിലെ എഡേസയിലേക്ക് കൊണ്ടുപോയത് ജൂലൈ മൂന്നിനാണ്. ഈ ദിവസമാണ് സെന്റ് തോമസ് ദിനമായി ആചരിക്കുന്നത്. അകമഴിഞ്ഞ ഭക്തിയുടെയും ഗുരു സ്നേഹത്തിന്റെയും പ്രതീകമാണ് സെന്റ്തോമസ്. ദിദിമോസ്, മാര്‍ തോമാ എന്നീ പേരുകളിലും തോമാശ്ലീഹ അറിയപ്പെട്ടിരുന്നു.
ഒന്നാം നൂറ്റാണ്ടില്‍ തോമാശ്ലീഹ കേരളത്തിലെത്തി സുവിശേഷ പ്രചാരണം നടത്തിയെന്നാണ് വിശ്വാസം. ഇങ്ങനെയാണ് സുറിയാനി ക്രിസ്തീയ സഭകള്‍ രൂപം കൊണ്ടതെന്നും വിശ്വസിക്കപ്പെടുന്നു.
യേശുവിന്റെ ഇരട്ടസഹോദരനാണ് തോമാശ്ലീഹയെന്നും അനുമാനമുണ്ട്. തോമ എന്ന വാക്കിന്റെ അര്‍ഥം ഇരട്ടയെന്നും ശ്ലീഹയെന്ന പദത്തിന്റെ അര്‍ത്ഥം അയക്കപ്പെട്ടവന്‍ എന്നുമാണ് സൂചിപ്പിക്കുന്നത്. എഡി 50ല്‍ കേരളത്തിലെ കൊടങ്ങല്ലൂരില്‍ തോമാശ്ലീഹ എത്തിയെന്നാണ് കരുതപ്പെടുന്നത്. വിശുദ്ധ തോമാശ്ലീഹ എന്നാണ് കേരളീയര്‍ തോമാശ്ലീഹയെ വിശേഷിപ്പിച്ചത്. പാലയൂര്‍, കൊടുങ്ങല്ലൂര്‍, പറവൂര്‍, കോക്കമംഗലം, നിരണം, നിലയ്ക്കല്‍, കൊല്ലം എന്നിവിടങ്ങളിലെ പള്ളികള്‍ തോമാശ്ലീഹ സ്ഥാപിച്ചതായാണ് വിശ്വാസം. ഏഴരപ്പള്ളികള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. തിരുവാതാംകോട് പള്ളിയാണ് അരപ്പള്ളി. തോമാശ്ലീഹായുടെ പാദസ്പര്‍ശനത്താല്‍ അനുഗൃഹീതമായ വലിയൊരു തീര്‍ഥാടനകേന്ദ്രമാണ് മലയാറ്റൂര്‍. വലിയ നോമ്പുകാലത്തും, തുടര്‍ന്ന് പുതുഞായറാഴ്ചയും ഈ പുണ്യമലയിലേയ്ക്കു ഭക്തജനപ്രവാഹമാണ്. ചോളനാട്ടില്‍ നിന്നു മലമ്പ്രദേശത്തുകൂടെ സഞ്ചരിച്ച വേളയില്‍ പ്രാര്‍ഥനയ്ക്കും
വിശ്രമത്തിനുമായി മലയാറ്റൂരില്‍ ശ്ലീഹാ തങ്ങുകയായിരുന്നുവെന്നും കരുതപ്പെടുന്നു.
സുവിശേഷത്തിന്റെ പതിനാലാം അധ്യായത്തിലാണ് തോമാശ്ലീഹയുടെ വിശ്വസ്തതയെ കുറിച്ച് വിവരിക്കുന്നത്. യേശു ജോര്‍ദാന്റെ മറുകരയിലായിരിക്കുമ്പോഴാണ്, ജറുസലെമിനടുത്തുള്ള ബഥാനിയയിലേയ്ക്കു പോകാന്‍ തീരുമാനമെടുക്കുന്നത്.
യേശുവിന്റെ പ്രബോധനങ്ങളെയും പ്രവര്‍ത്തനങ്ങളെയും വെറുത്തിരുന്ന യഹൂദര്‍ അവനെ കല്ലെറിയാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്നറിയാമായിരുന്ന അപ്പസ്തോലന്മാര് പറഞ്ഞു: ”ഗുരോ, യഹൂദര്‍ ഇപ്പോള്‍ത്തന്നെ നിന്നെ കല്ലെറിയാന്‍ അന്വേഷിക്കുകയായിരുന്നല്ലോ. എന്നിട്ട് അങ്ങോട്ടു പോവുകയാണോ?” ലാസര്‍ മരിച്ചുവെന്നും അവനെ കാണാന്‍ പോകുന്നതിനു താന്‍ തീരുമാനിച്ചുവെന്നും വ്യക്തമാക്കിയ ഈശോയുടെ വചനങ്ങളെത്തുടര്‍ന്ന് തോമസാണ് ശിഷ്യന്മാരെ ധൈര്യപ്പെടുത്തി യേശുവിനോടൊത്തു നീങ്ങാന്‍ അവരെ പ്രേരിപ്പിക്കുന്നത്. സുവിശേഷകന് ഇങ്ങനെ രേഖപ്പെടുത്തുന്നു. ദീദിമോസ് എന്ന തോമസ് അപ്പോള്‍ മറ്റു ശിഷ്യന്മാരോടു പറഞ്ഞു: ”അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം” (യോഹ 11:16) വി. തോമസ് അപ്പസ്തോലന് യേശുവിന്റെ ധീരനായ അനുഗാമി, തന്നോടൊപ്പം സത്യത്തിന്റെ യും ജീവന്റെ യും വഴി തെരഞ്ഞെടുക്കാന്‍ ഏവരെയും പ്രേരിപ്പിക്കുന്ന വിശ്വസ്ത ക്രിസ്തുശിഷ്യനാണ്. ആ അപ്പസ്തോലനാണ് ഭാരതസഭയുടെ അപ്പസ്തോലന്.
എഡി 72 ല്‍ തമിഴ്നാട്ടിലെ മൈലാപ്പൂരില്‍ വച്ച് കുത്തേറ്റാണ് തോമാശ്ലീഹ മരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. തോമാശ്ലീഹായുടെ കബറിടം മൈലാപൂരില്‍ ഇപ്പോഴുണ്ടെങ്കിലും ഭൗതികാവശിഷ്ടം ഇറ്റലിയിലെ ഓര്‍ത്തൊണയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ക്രിസ്തുവിനെപ്രതി, ‘ജീവന് നഷ്ടപ്പെടുത്തി ജീവന് നേടുന്ന’ ആ വലിയ സ്നേഹത്തിലേയ്ക്കു വളരാന്‍ അപ്പസ്തോലന്റെ മാധ്യസ്ഥം നമുക്കു തേടാം.