ജീവിതത്തിലെ തിക്താനുഭവങ്ങള്‍ക്കിടയിലും സമ്പൂര്‍ണ ബൈബിള്‍ സ്വന്തം കൈപ്പടയില്‍ പകര്‍ത്തിയെഴുതി അനില്‍.
ദുരന്തങ്ങളും വേദനകളും സഹനങ്ങളും ജീവിതത്തില്‍ ഒരിക്കലെങ്കിലും തേടിയെത്താത്തവരായി നമുക്കിടയില്‍ ആരും തന്നെ ഉണ്ടാകില്ല, എന്നാല്‍ ആ തിക്താനുഭവങ്ങളെയും വേദനകളെയും അവസരങ്ങളാക്കി മാറ്റുന്നവര്‍ ചുരുക്കമായിരിക്കും. ദൈവീക പദ്ധതിയോട് ചേര്‍ന്ന് അത്തരം ജീവിത സാഹചര്യങ്ങളിലും പോരാടുന്ന നമ്മുടെ ഇടവകാംഗമായ ഒരാളുടെ കഥയാണിത്. പെരിങ്ങഴ പരുന്തുംപ്ലാവില് ജോര്‍ജ് മറിയം ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമനായ അനില്‍ എന്ന 44 -കാരന്റെ ഹൃദയസ്പര്‍ശിയായ ജീവിതകഥ. 2003 ഏപ്രില്‍ 17 -ന്, ഒരു ദുഃഖവെള്ളി തലേന്ന്, അപ്രതീക്ഷിതമായൊരു ദുരന്തം ജാതിക്ക കച്ചവടക്കാരനായിരുന്ന അനിലിനെ തേടിയെത്തി. ജാതിമരത്തില്‍ നിന്നു വീണ അനിലിന്റെ ജീവിതം അന്ന് മുതല്‍ വീല്‍ച്ചെയറിലും കിടക്കയിലുമായി ഒതുങ്ങി. പത്തടി ഉയരത്തില്‍ നിന്നുള്ള നട്ടെല്ലു കുത്തിയുള്ള വീഴ്ചയില്‍ സ്പൈനല്‍ കോഡ് പൂര്‍ണമായും തകര്‍ന്നു. തുടര്‍ച്ചയായ ആശുപത്രി ചികിത്സകളെല്ലാം നിഷ്ഫലമായി. കഴിഞ്ഞ 20 വര്‍ഷങ്ങളായി നടുനിവര്‍ന്ന് ഒന്ന് നില്ക്കാന് അനിലിന് സാധിച്ചിട്ടില്ല. അരക്കു താഴേക്ക് അനക്കമില്ലാത്ത അവസ്ഥ. എങ്കിലും ജീവിതത്തിന്റെ വെളിച്ചം മങ്ങിവരുമ്പോഴും പ്രത്യാശയുടെ ജീവിതം ഇനിയും ബാക്കിയുണ്ടെന്ന് നിര പുഞ്ചിരിയോടെ അനില്‍ നമുക്ക് കാണിച്ചുതരുന്നു.
ദുരന്തത്തിന്റെയും വേദനയുടെയും നടുവിലും അനില്‍ വെറുതെയിരുന്നില്ല. മാസികകളില്‍ നിന്നും വചന പ്രഘോഷണങ്ങളില്‍ നിന്നും കിട്ടുന്ന വചനങ്ങള്‍ ബുക്കില്‍ എഴുതി പഠിക്കുവാന്‍ തുടങ്ങി. അങ്ങനെ ആയിരത്തോളം വചനങ്ങള്‍ അനില്‍ മനപാഠമാക്കി. 2012 മുതല്‍ 2020 വരെയുള്ള 8 വര്‍ഷത്തിനുള്ളില്‍ 25 തവണ ബൈബിള്‍ സമ്പൂര്‍ണമായി വായിച്ചു പൂര്‍ത്തിയാക്കുവാന്‍ അനിലിന് കഴിഞ്ഞു. ബൈബിള്‍ വായിക്കുമ്പോഴും സ്വന്തം കൈപ്പടയില്‍ ബൈബിള്‍ എഴുതുന്നതിനെക്കുറിച്ച് അനില്‍ ചിന്തിച്ചിരുന്നില്ല, കാരണം എഴുതുക എന്നത് അനിലിനെ സംബന്ധിച്ച് അസാധ്യമായ ഒരു കാര്യം ആയിരുന്നു. ഇതിനിടയില്‍ ‘ഇടവകയ്ക്ക് ഒരു ബൈബിള്‍’ എന്ന പദ്ധതിയുടെ ഭാഗമായി ഇടവകക്കാര് എല്ലാവരും ചേര്‍ന്ന് ബൈബിള്‍ എഴുതി പൂര്‍ത്തിയാക്കി. അതില്‍ 4 പേജ് എഴുതാന്‍ അനിലിനും അവസരം കിട്ടി. അദ്ദേഹം അത് വളരെ ഉത്സാഹത്തോടെ എഴുതി കൊടുത്തു. അതിനെത്തുടര്‍ന്ന് മൂവാറ്റുപുഴയില്‍ പ്രസ്സ് നടത്തുന്ന അനിലിന്റെ സുഹൃത്തായ ഷിന്റോയോട് തന്റെ മനസ്സില്‍ നാമ്പിട്ട ബൈബിള്‍ പൂര്‍ണമായും പകര്‍ത്തിയെഴുതണം എന്ന ആഗ്രഹം അദ്ദേഹം പങ്കുവെച്ചു. ഒരോന്നായി എഴുതി പേപ്പര്‍ ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ഷിന്റോ ആവശ്യമുള്ള പേപ്പര്‍ സംഘടിപ്പിച്ചു തരാം എന്ന് ഏല്ക്കുകയും ചെയ്തു. എഴുത്ത് ആരംഭിച്ചപ്പോള്‍ അനില്‍ കരുതിയത് തനിക്കിത് അസാധ്യമാണെന്നാണ്. ഇരുന്നും കിടന്നും അധികനേരം എഴുതുക അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ പ്രതിസന്ധികള്‍ക്കിടയിലും യാതൊരുവിധ തടസ്സവും കൂടാതെ 5 മാസവും 20 ദിവസവും കൊണ്ട് അനില്‍ ബൈബിള്‍ മുഴുവനായും പകര്‍ത്തിയെഴുതി.
ഈ അവസ്ഥയിലും ചെറുപ്പത്തില്‍ നോക്കിയതിനേക്കാള്‍ വാത്സല്യത്തിലും സ്നേഹത്തിലും കരുതലോടെയും അനിലിനെ പരിചരിക്കുന്നത് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആണ്. അവിവാഹിതന് ആയ അനിലിന്റെ സഹോദരങ്ങള്‍ അനീഷും ജിനോയുമാണ്.
അനില്‍ നമുക്കും പ്രചോദനവും മാതൃകയുമാണ്. അദ്ദേഹം നമ്മുടെ ഇടവകാംഗമാണ് എന്നതില്‍ നമുക്കും അഭിമാനിക്കാം. അനിലിനെപ്പോലെ ദുഃഖത്തിന്റെ നാളുകളില്‍ കര്‍ത്താവിനെ പഴിക്കാതെ വേദനകള്‍ യേശുവിന്റെ കുരിശിനോട് ചേര്‍ത്ത് ശക്തി പ്രാപിക്കുവാനും ദൈവവചനം പഠിക്കുവാനും അതുവഴി ദൈവകൃപക്ക് അര്‍ഹരാകുവാനും ദൈവം നമ്മെ ശക്തരാക്കട്ടെ.