ജോയി വെട്ടിക്കാപ്പള്ളി
1927-31 കാലത്ത് മൂവാറ്റുപുഴ പെരിങ്ങുഴ സെന്റ് ജോസഫ് ദൈവാലയത്തിലും വികാരിയായിരുന്നു.
തിരുവിതാംകൂറിലെ സാമൂഹിക മാറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് മഹാത്മാഗാന്ധിയുമൊത്തു വേദി പങ്കിട്ട കത്തോലിക്കാ വൈദികനാണ് ഫാ. സിറിയക് (കുര്യാക്കോസ്) വെട്ടിക്കാപ്പള്ളി. കാലഘട്ടത്തിനുമേല്‍ വ്യക്തിമുദ്ര പതിപ്പിച്ചു കടന്നുപോയ വൈദികശ്രേഷ്ഠനും ജനനേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അദ്ദേഹം ഓര്‍മയായിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. ഫാ. വെട്ടിക്കാപ്പള്ളി ശ്രീമൂലം ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ നൂറാം വര്‍ഷവുമാണിത്.
വൈക്കം വെട്ടിക്കാപ്പള്ളി കുരുവിള-മറിയം ദമ്പതികളുടെ ഇളയ മകനായി 1878 ഫെബ്രുവരി രണ്ടിനാണ് കുറുവച്ചന് എന്ന സിറിയക് (കുര്യാക്കോസ്) ജനിച്ചത്. വൈക്കം ഗവണ്മെന്റ് സ്കൂളില്‍ പ്രൈമറി പഠനം കഴിഞ്ഞശേഷം മാന്നാനം സെന്റ് എഫ്രേംസ് ഹൈസ്കൂളില്‍ ചേര്‍ന്നു. പത്താം ക്ലാസ് പാസായപ്പോള്‍ വൈദികപഠനത്തിനായി എറണാകുളം പെറ്റി സെമിനാരിയില്‍ പ്രവേശിച്ചു. ശ്രീലങ്കയിലെ കാന്‍ഡി പേപ്പല്‍ സെമിനാരിയിലായിരുന്നു തുടര്‍പഠനം. കാന്‍ഡി സെമിനാരി റെക്ടറായിരുന്ന മോണ്‍. അലോഷ്യസ് മരിയ ബെന്‍സിഗറിന്റെ (ഇദ്ദേഹം പിന്നീട് കൊല്ലം ബിഷപ്പായി) ഇഷ്ടവിദ്യാര്ത്ഥിയായിരുന്നു സിറിയക്. 1902 ഡിസംബര്‍ 28-ന് കാന്‍ഡിയില്‍വച്ച് പൗരോഹിത്യം സ്വീകരിച്ചു.
തിരികെ നാട്ടിലെത്തി വൈക്കം ഫൊറോന ദൈവാലയത്തില്‍ പ്രഥമ ദിവ്യബലിയര്‍പ്പിച്ചു. ദിവസങ്ങള്‍ക്കകം (1903 ജനുവരി 12) അദ്ദേഹത്തെ എറണാകുളം വികാരിയാത്തിന്റെ ആലോചനാ സമിതി അംഗമായി മാര്‍ ളൂയീസ് പഴേപറമ്പില്‍ നിയമിച്ചു.
വിദ്യാലയങ്ങളുടെ നിര്‍മ്മാതാവ്
പിറ്റേ വര്‍ഷം (1904) എറണാകുളത്തെ കത്തീഡ്രല്‍ ദൈവാലയ വികാരിയുടെ ചുമതലയും അദ്ദേഹത്തെ ഏല്പിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ആലുവയില്‍ സെന്റ് മേരീസ് സ്കൂളിന്റെ നിര്‍മാണം തുടങ്ങിയപ്പോള്‍ അതിന്റെ നിര്‍വഹണ ചുമതലയും സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മാനേജര്‍ സ്ഥാനവും അദ്ദേഹത്തിനായി. കത്തീഡ്രല്‍ വികാരി, ആലോചനാസമിതി അംഗം എന്നീ ചുമതലകള്‍ക്കു പുറമേ ആയിരുന്നു ഇത്.
1913 വരെ മൂന്നു പദവികളും വെട്ടിക്കാപ്പള്ളി അച്ചന് വഹിച്ചു. കമ്പി ഉപയോഗിക്കാതെ സുര്‍ക്കി (ചുണ്ണാമ്പ്, വെന്ത കളിമണ്ണിന്റെ പൊടി, ശര്‍ക്കര, വെള്ളം എന്നിവയുടെ മിശ്രിതം) ഉപയോഗിച്ചാണ് സെന്റ് മേരീസ് സ്കൂള്‍ കെട്ടിടം വാര്‍ത്തത്. ദശാബ്ദങ്ങളോളം ഈ കെട്ടിടം കോഴിക്കോട് റീജണല്‍ എഞ്ചിനീയറിങ്ങ് കോളജ് വിദ്യാര്‍ത്ഥികള്‍ പഠനവിഷയമാക്കിയിരുന്നു.
1913-ല്‍ മൂഴിക്കുളം വികാരിയായ ഇദ്ദേഹം സെന്റ് മേരീസ് യു.പി സ്കൂളിന്റെ സ്ഥാപനത്തിന് തുടക്കം കുറിച്ചു. രണ്ട് വര്‍ഷത്തിനുശേഷം ആലങ്ങാട് ദൈവാലയ വികാരിയായി സ്ഥലം മാറ്റം ലഭിച്ചു. അവിടെയും സെന്റ് മേരീസ് സ്കൂള്‍ ആരംഭിച്ചു. 1916 മുതല്‍ 22 വരെ അങ്കമാലി ഫൊറോന ദൈവാലയ വികാരിയായി പ്രവര്‍ത്തിച്ച വെട്ടിക്കാപ്പള്ളി അച്ചനാണ് അവിടെ സെന്റ് ജോസഫ്സ് സ്കൂള്‍ സ്ഥാപിച്ചത്. അങ്കമാലി കാത്തലിക് യംഗ് മെന്‍സ് അസോസിയേഷന്റെ തുടക്കവും അച്ചന്റെ ഉത്സാഹത്തിലായിരുന്നു. അസോസിയേഷന് അംഗങ്ങളെക്കൂട്ടി നിര്‍മിച്ച ഷെഡിലാണ് 1919-ല്‍ സെന്റ് ജോസഫ് സ്കൂള്‍ ആരംഭിച്ചത്.
പൊതുപ്രവര്‍ത്തകനും ജനപ്രതിനിധിയും
വൈദികന് എന്ന നിലയില്‍ രൂപത ഏല്പിക്കുന്ന കാര്യങ്ങളും ഇടവകയിലെ പ്രവര്‍ത്തനങ്ങളും മാത്രമായിരുന്നില്ല അച്ചന്റെ സേവനമേഖല. പൊതുസമൂഹത്തില്‍ ഇടപെട്ടു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സദാ സന്നദ്ധനായിരുന്നു. അതുകൊണ്ടാണ് 1912-ല്‍ ആലുവാ ടൗണ്‍ ഇംപ്രൂവ്മെന്റ് കമ്മിറ്റി പ്രതിനിധിയായി ശ്രീമൂലപുരം പ്രജാസഭ (പോപ്പുലര്‍ അസംബ്ലി)യുടെ ഒന്‍പതാം സമ്മേളനത്തിലേക്ക് ഫാ. വെട്ടിക്കാപ്പള്ളിയെ തിരഞ്ഞെടുത്തത്.
1922-ല്‍ തിരുവിതാംകൂര്‍ ലെജിസ്റ്റേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ അദ്ദേഹം തൊടുപുഴ-കുന്നത്തുനാട് താലൂക്കുകളുടെ പ്രതിനിധിയായി മത്സരിച്ചു വിജയിച്ചു. 1922-25 കാലയളവിലാണ് ഈ കൗണ്‍സില്‍ നിലവിലിരുന്നത്.
അക്കാലയളവിലാണ് 99-ലെ (1924) വെള്ളപ്പൊക്കവും വൈക്കം സത്യാഗ്രഹവും നടന്നത്. അവര്‍ണ ജനവിഭാഗങ്ങള്‍ക്ക് വൈക്കം ക്ഷേത്രത്തിനു സമീപത്തെ റോഡുകളില്‍ സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെട്ടായിരുന്നു സത്യാഗ്രഹം. ഈ ആവശ്യത്തോടു യോജിച്ച ഫാ. വെട്ടിക്കാപ്പള്ളി അടക്കം ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 15 അംഗങ്ങള്‍ ദിവാനു നിവേദനം നല്കി. പിന്നീട് വൈക്കത്തുനിന്ന് മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ നടന്ന സവര്‍ണ ജാഥ തിരുവനന്തപുരത്ത് റീജന്റ് മഹാറാണിക്ക് ഇതേപ്പറ്റി മെമ്മോറാണ്ടം നല്കി.
അതിനുശേഷം എസ്എന്‍ഡിപി യോഗം സെക്രട്ടറി എന്‍. കുമാരന് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചു. ചര്‍ച്ചയില്‍ പ്രമേയത്തെ അനുകൂലിച്ച് ആദ്യം പ്രസംഗിച്ചത് വെട്ടിക്കാപ്പള്ളി അച്ചനായിരുന്നു. പ്രമേയത്തെ എതിര്‍ക്കാന്‍ ഭീഷണികളും പ്രലോഭനങ്ങളും പല ഭാഗത്തുനിന്നും ഉണ്ടായെങ്കിലും അച്ചന് നിലപാടില്‍ മാറ്റം വരുത്തിയില്ല. പ്രമേയം പരാജയപ്പെട്ടു.ഇതിനുശേഷം മഹാത്മാഗാന്ധി വൈക്കം സത്യാഗ്രഹവേദി സന്ദര്‍ശിച്ചപ്പോള്‍ അവിടെയെത്തി കൂടിക്കാഴ്ച നടത്തി. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ഏക കത്തോലിക്കാ വൈദികനായിരുന്നു അച്ചന്.
ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ കാലാവധി കഴിഞ്ഞപ്പോള്‍ 1925-ല്‍ അച്ചന് വിശുദ്ധനാട് സന്ദര്‍ശനം നടത്തി. മടങ്ങിവന്നശേഷം 1926-27 ല്‍ മുതലക്കോടം സെന്റ് ജോര്‍ജ് ദൈവാലയത്തിലും 1927-31 കാലത്ത് മൂവാറ്റുപുഴ പെരിങ്ങുഴ സെന്റ് ജോസഫ് ദൈവാലയത്തിലും വികാരിയായിരുന്നു.
സേവനം തിരുവനന്തപുരത്ത്
ഇക്കാലത്ത് കൊല്ലം ബിഷപ് ഡോ. അലോഷ്യസ് ബെന്‍സിഗര്‍ വെട്ടിക്കാപ്പള്ളി അച്ചന്റെ സേവനം തന്റെ രൂപതയിലേക്ക് ആവശ്യപ്പെട്ടു. എറണാകുളം ബിഷപ് മാര്‍ അഗസ്റ്റിന് കണ്ടത്തില്‍ അതനുവദിച്ചു. പിന്നീട് 15 വര്‍ഷം തിരുവനന്തപുരമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രം. തിരുവനന്തപുരത്തെ കാത്തലിക് ഹോസ്റ്റലിന്റെ ചുമതലയാണ് കൊല്ലം രൂപതയില്‍ അദ്ദേഹത്തിന് ലഭിച്ചത്. നഗരത്തില്‍ നാലിടത്തായി വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റല്‍ സ്വന്തം സ്ഥലത്ത് കെട്ടിടം പണിത് സംയോജിപ്പിച്ചത് അദ്ദേഹമാണ്. ബെന്‍സിഗര്‍ പിതാവിന്റെ ബന്ധു നല്കിയ വലിയ തുകയും തന്റെ കുടുംബസ്വത്തിന്റെ കുറെ ഭാഗവും അദ്ദേഹം ഇതിനായി വിനിയോഗിച്ചു. 1937-ല്‍ തിരുവനന്തപുരം രൂപത നിലവില്‍ വന്നതോടെ അച്ചന്റെ സേവനം ആ രൂപതയിലായി. രോഗം കാരണം ഹോസ്റ്റലിന്റെ ചുമതല 1946-ല്‍ ഒഴിഞ്ഞു (ഹോസ്റ്റല്‍ ആയിരുന്ന സ്ഥലത്ത് ഇപ്പോള്‍ ജൂബിലി ഹോസ്പിറ്റല്‍ ആണ് പ്രവര്‍ത്തിക്കുന്നത്).
1946-ല്‍ വൈക്കത്ത് തിരിച്ചെത്തുമ്പോള്‍ വാതരോഗം അച്ചനെ വല്ലാതെ അലട്ടിയിരുന്നു. വൈക്കം ഫൊറോന ദൈവാലയത്തില്‍ താമസിക്കവേ അദ്ദേഹത്തിന്റെ രോഗം മൂര്‍ച്ഛിച്ചു. ചികിത്സയ്ക്കായി 1947 ഫെബ്രുവരിയില്‍ അദ്ദേഹത്തെ എറണാകുളത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് ബിഷപ് മാര്‍ അഗസ്റ്റിന് കണ്ടത്തിലുമായി കൂടിക്കാഴ്ച നടന്നു. ഇരുവരും ഒരുമിച്ചു ദിവ്യബലിയര്‍പ്പിക്കുകയും പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുശേഷമുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്ന് അച്ചനെ വൈക്കം ദൈവാലയത്തിലേക്ക് കൊണ്ടുപോന്നു. സദാ കര്‍മനിരതമായിരുന്ന ആ മഹത്ജീവിതം 1947 ഫെബ്രുവരി 27-ന് നിത്യവിശ്രമത്തിലേക്ക് പ്രവേശിച്ചു.
2008-ല്‍ സ്റ്റേറ്റ് ആര്ക്കേവിസ് ഡിപ്പാര്‍ട്ട്മെന്റ് വൈക്കം സത്യാഗ്രഹ ഗാന്ധി മ്യൂസിയത്തില്‍ സമരത്തിലെ മുന്‍നിര പോരാളികളുടെ പേരിനൊപ്പം അച്ചന്റെ പേര് ആലേഖനം ചെയ്യുകയും ഗ്വാലറിയില് ഫോട്ടോ അനാഛാദനം ചെയ്യുകയും ചെയ്തു.
Courtesy: https://sundayshalom.com/archives/66974