നൂറ്റാണ്ടുകൾക്കു മുമ്പേ പലസ്തിനായുടെ തെരുവീഥികളിലും, ഗലീലിയുടെ മണലാരണ്യങ്ങളിലും പതിഞ്ഞ യേശുവിന്റെ കാലടികളും ഹൃദയസ്പന്തനവും മനുഷ്യനെ തേടിയുള്ളത് ആയിരുന്നു. ഈ ഭൂമിയിലെ ചുരുങ്ങിയ തന്റെ ജീവിതകാലത്ത്, അവൻ ജീവിച്ചു കാണിച്ച മാതൃകയും കാൽവരിയിലെ കുരിശിൽ ഒഴിക്കിയ തിരുരക്തവും മനുഷ്യരക്ഷക്കായിരുന്നു. യേശുക്രിസ്തു പകർന്നു തന്ന ഈ രക്ഷ സ്വീകരിച്ച്, ഒരിറ്റു സ്നേഹത്തിനും സമാധാനത്തിനും വേണ്ടി നെട്ടോട്ടം ഓടുന്ന മനുഷ്യ മക്കൾക്ക് യേശുവിന്റെ ഹൃദയം പകർന്നുകൊടുത്ത് ഞാനും നീയും നല്ലൊരു പ്രേഷിതൻ അയാൽ യേശു അപരനിലും ജീവൻ ആയി പ്രകാശിക്കും.
പ്രേഷിതർ ആകാൻ, ധീരരക്തസാക്ഷികൾ ആകാൻ കടൽ കടക്കേണ്ടതില്ല. സ്നേഹിക്കാൻ, മറ്റുളവരെപ്പറ്റി ചിന്തിക്കാൻ, അന്യനെ സ്വന്തമായി കാണാൻ, അപരനുവേണ്ടി ക്ലേശങ്ങൾ സഹിക്കാൻ, സാധിക്കുമോ? എങ്കിൽ നാമെല്ലാവരും പ്രേഷിതർ ആണ്.
ഇന്ന് നാം ജീവിക്കുന്നത് ഉപഭോഗ സംസ്കാരത്തിൽ ആണ്. ആവശ്യം കഴിയുമ്പോൾ എന്തും വലിച്ചെറിയുന്ന സംസ്കാരം. ഇങ്ങനെ ഒരു തിരസ്കാര സംസ്കാരം നാമറിയാതെ നമുക്കു ചുറ്റും പ്രബലപ്പെട്ട് വരുമ്പോൾ അവിടെ ഒരു ഹൃദയസംസ്കാരത്തിന് രൂപംകൊടുക്കാൻ നമ്മെ ഇന്ന് ക്രിസ്തു വെല്ലുവിളിക്കുന്നു. മനുഷ്യനായി ജനിച്ച യേശു നമ്മോട് കരുപിടിപ്പിയ്ക്കൻ ആവശ്യപെടുന്നു ഈ പുത്തൻ മാനവീകരണം.