സെപ്റ്റംബർ എട്ടാം തീയതി, ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യകാ മാതാവിന്റെ പിറവി തിരുനാൾ ആഘോഷിക്കുകയാണ്. ജീവിതത്തിൽ, ഏറ്റവും ആഹ്ലാദം നൽകുന്ന സുദിനമാണ് നമ്മുടെ ജന്മദിനം! എന്നാൽ, അതിനേക്കാൾ നാം സന്തോഷമനുഭവിക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവരുടെ ജന്മദിനം ആഘോഷിക്കുമ്പോഴാണ്. അതിനാലാണ്, മനംനിറയെ സമ്മാനങ്ങളും, ഹൃദയം തുളുമ്പുന്ന ആശംസകളും നൽകി നമ്മുടെ സ്നേഹം അവർക്ക് നാം വെളിപ്പെടുത്തി കൊടുക്കുന്നത്. ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹമായി തീരേണ്ടതാണാണെന്ന്, ഓരോ ജന്മദിനവും നമ്മെ ഓർമ്മപ്പെടുത്തുന്നു.
മറിയത്തിന്റെ ജനനം തന്നെ ദൈവാനുഗ്രഹത്തിന്റെ നിറവിലായിരുന്നു. തങ്ങളെ മോചിപ്പിക്കുന്നതിനായി, ദാവീദിന്റെ ഭവനത്തിൽ നിന്നും ഒരു രക്ഷകൻ ജനിക്കുമെന്ന് പ്രവാചകൻമാർ വഴി ദൈവം നൽകിയ വാഗ്ദാനം ഇസ്രായേൽ ജനത പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാലഘട്ടമായിരുന്നത്. അതിനാൽ, രാജകൊട്ടാരത്തിൽ ജനിക്കാൻ പോകുന്ന രക്ഷകന് വേണ്ടി കാത്തിരുന്ന ഇസ്രയേൽ ജനതയുടെ ചിന്താഗതിയിലായിരിക്കണം ജൊവാക്കിമും അന്നയും ജീവിച്ചത്. സന്താന സൗഭാഗ്യമില്ലാത്ത വൃദ്ധദമ്പതികളായ അവർ പ്രാർത്ഥനയിലും പരിത്യാഗത്തിലും ജീവിതം നയിച്ചു. അവരുടെ അടിയുറച്ച ദൈവ ഭക്തിയിലും ജീവിത വിശുദ്ധിയിലും സംപ്രീതനായ ദൈവം, തന്റെ പുത്രനായ രക്ഷകന്റെ അമ്മയുടെ മാതാപിതാക്കളാകുന്നതിന് അവരെയാണ് തിരഞ്ഞെടുത്തത്. “ദൈവ വഴികൾ മനുഷ്യനൊട്ടും മനസ്സിലാക്കുന്നുമില്ല!” വാർദ്ധക്യത്തിൽ താൻ ഉദരത്തിൽ വഹിക്കുന്ന കുഞ്ഞ് രക്ഷാകര ചരിത്രത്തിന്റെ നാഴികകല്ലാകുമെന്ന് അന്ന സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല. എങ്കിലും തന്റെ കുഞ്ഞിന് വേണ്ടി നിരന്തരം അവള് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ജന്മ പാപത്തിന്റെ ഒരു തരി പോലും ഇല്ലാതെ, ദൈവകൃപയുടെ പ്രത്യേക സംരക്ഷണത്തിലാണ്, മറിയം അന്നയുടെ ഉദരത്തിൽ പിറന്നുവീണത്.
മറിയത്തിന്റെ ജനനത്തോടെ, ഇസ്രയേൽ ജനതയുടെ രക്ഷകനു വേണ്ടിയുള്ള കാത്തിരിപ്പു ഫലപ്രാപ്തിയിലേക്ക് പ്രവേശിച്ചു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ മറിയത്തിന്റെ ഉദരത്തിൽ ദൈവാനുഗ്രഹത്തിന്റ ഉദരഫലം പിറവിയെടുത്തു. കൃപയുടെയും രക്ഷയുടെയും പുതിയകാലത്തിനു അപ്രകാരം തുടക്കം കുറിക്കുകയും ചെയ്തു.
ഇന്ന്, ഈ അമ്മയുടെ ജനനത്തിൽ സ്വർഗ്ഗവാസികൾ ആനന്ദിക്കുകയും, ഭൂവാസികൾ ആഹ്ലാദിക്കുകയും ചെയ്യുന്നത് മറ്റൊന്നും കൊണ്ടല്ല. ജീവിത പ്രതിസന്ധികളിൽ പ്രതീക്ഷയുടെ മരുപ്പച്ചയാണ് പരിശുദ്ധ മറിയം. അവളുടെ കൂടെ നടക്കുന്നവർക്ക് വിശുദ്ധിയുടെ കൃപകൾ തണലായുണ്ടാകും. ലക്ഷ്യബോധം കാണാതെ ഉഴലുമ്പോഴും മറിയത്തിനെ പോലെ ദൈവഹിതം നിറവേറ്റുന്നവരാകാം. കാരണം കപ്പൽ സഞ്ചാരികൾക്ക് ദിശകാണിക്കുന്ന കടലിലെ ദൈവാനുഗ്രഹമാവുന്ന പ്രകാശഗോപുരമാണു ക്രൈസ്തവർക്ക്, ഈ ലോക ജീവിതമാകുന്ന തീർത്ഥാടനത്തിൽ പരിശുദ്ധ അമ്മ…!